പുതിയ പുസ്തകത്തിന്റെ മണമാണ് ജൂൺ ഒന്നിന്റെ പുലർകാലത്തിന്. കുഞ്ഞുങ്ങളുള്ള ഓരോ വീട്ടിലും സുന്ദരമായ ആഘോഷക്കാഴ്ച. പുതിയ അധ്യയനവർഷത്തിന്റെ ഒരുക്കങ്ങൾ. എന്നാൽ, പശ്ചാത്തലത്തിൽ നിശബ്ദമായൊരു ചോദ്യം തങ്ങിനിൽക്കുന്നുണ്ട്. മക്കൾക്കൊപ്പം നമ്മൾ രക്ഷിതാക്കൾ, ശരിക്കും അതിനൊരുങ്ങിയോ? അധ്യയനകാലത്ത് കുട്ടികൾക്കൊപ്പം നടക്കാൻ രക്ഷിതാക്കളും ഒരുങ്ങേണ്ടതുണ്ട്. പുതിയ കാലം അങ്ങേയറ്റം അതാവശ്യപ്പെടുന്നു.
►► പാഠപുസ്തകത്തിന്റെ പൂർണവായന
കുട്ടിയുടെ പഠനകാര്യങ്ങളിലെ ആശങ്ക നേരേ വഴിതുറക്കുക ട്യൂഷനിലേക്കാണ്. ആ തിടുക്കം സ്വാഭാവികമാണ്. പക്ഷേ, നമ്മുടെ കുഞ്ഞുങ്ങളുടെ പാഠപുസ്തകം ഒരിക്കലെങ്കിലും നമ്മൾ മുഴുവനായി വായിച്ചിട്ടുണ്ടോ? ഒരൊറ്റ പരിശ്രമം ഒരു വലിയ മാറ്റത്തിന്റെ തുടക്കമാകും. ക്ലാസ് മുറിയിൽ എന്തു നടക്കുന്നു എന്ന ഒരു ഏകദേശ ധാരണ രക്ഷിതാവിനു ലഭിക്കും. ആ ചിത്രം ഉള്ളിലുണ്ടെങ്കിൽ കുഞ്ഞിനോട് എപ്പോഴുമൊരു ചോദ്യം ചോദിക്കാം. ഒരുത്തരം ഒരുമിച്ച് കണ്ടുപിടിക്കാം. അങ്ങനെ പഠനകാലം ഇരുവർക്കും ആഹ്ലാദകരമായ ഓർമയാകും. ഒരു കുട്ടിക്ക് ഏറ്റവും ആവശ്യമായത് വേറൊരു ക്ലാസ്മുറിയല്ല. മാതാപിതാക്കൾ ഒപ്പമുണ്ട് എന്ന മാനസിക ഉറപ്പാണ്.
►► കൂട്ടുകൂടാൻ ഒപ്പമിരുന്ന് പഠിപ്പിക്കാം
ഏത് സൗഹൃദം സ്വീകരിക്കണം, ഏതൊഴിവാക്കണം എന്ന് കുട്ടികൾ സ്വയം തിരിച്ചറിയണമെന്ന് നാം ആഗ്രഹിച്ചേക്കും. പക്ഷേ, ആ തിരിച്ചറിവ് ഉണ്ടാകണമെങ്കിൽ ആദ്യം അതിനൊരു വഴികാട്ടി ഉണ്ടാകേണ്ടതുണ്ട്. മാതാപിതാക്കൾ, കുടുംബ ബന്ധുക്കൾ എന്നിവർ ഒരുമിച്ചിരുന്ന് അവരുടെ ജീവിതത്തിൽനിന്നുള്ള അനേകം പ്രചോദന കഥകൾ മനഃപൂർവം പറഞ്ഞുകൊടുക്കണം. ഒരു സ്നേഹബന്ധം എങ്ങനെ ഉയർത്തി, ഒരു ബന്ധംകൊണ്ട് എങ്ങനെ വേദനയുണ്ടായി എന്ന് ലളിതമായി പങ്കുവയ്ക്കുന്ന ശീലം കുടുംബങ്ങളിൽ പുനർജനിക്കേണ്ടതുണ്ട്. ബന്ധങ്ങളുടെ വരുംവരായ്കകൾ, അതിർവരമ്പുകൾ, ഊഷ്മളത ഇവയെല്ലാം കുഞ്ഞ് ആദ്യം പഠിക്കേണ്ടത് തീൻമേശയ്ക്ക് ചുറ്റുമുള്ള സ്നേഹസംഭാഷണത്തിൽനിന്നാണ്.
►► അവനവന്റെ ഉള്ളിലെ കഴിവ് കണ്ടെത്താനുള്ള മാർഗങ്ങൾ
ഓരോ കുഞ്ഞിലും നൈസർഗികമായ അനേകം കഴിവുകൾ ഒളിഞ്ഞുകിടക്കുന്നുണ്ട്. ആ ഉൾക്കഴിവുകൾ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് രക്ഷിതാവിന്റെ പ്രാഥമികമായ കടമ. ഒരു കലാപരിപാടിയിലെങ്കിലും പങ്കെടുക്കാനുള്ള ആത്മധൈര്യം, കളിക്കളത്തിൽ മാറ്റുരയ്ക്കാനുള്ള ഊർജം, സേവനപ്രവർത്തനങ്ങളിലൂടെ ഉണ്ടാകുന്നൊരു മാനുഷികസ്പർശം തുടങ്ങിയവ ഒരു കുട്ടിയെ കേവലം ഒരു വിദ്യാർഥിയിൽനിന്ന് ഒരു സമ്പൂർണ മനുഷ്യനും സാമൂഹ്യജീവിയുമാക്കി മാറ്റാനുപകരിക്കും. ഇതുപോലെ പ്രധാനമാണ് മികവാർന്ന കൈയക്ഷരം ഉരുവപ്പെടുത്തിയെടുക്കുകയെന്നതും. ഭംഗിയായി എഴുതുക എന്നത് കേവലം ഒരു കഴിവല്ല, ആ കുട്ടിയുടെ വ്യക്തിത്വത്തിന്റെ ദർപ്പണംകൂടിയാണ്.
►► എഐ കാലവും സോഷ്യൽ മീഡിയയും
ഈ അധ്യയനവർഷം വിദ്യാലയത്തിലേക്ക് പ്രവേശിക്കുന്ന ഓരോ കുഞ്ഞും പഴയ കാലത്തെ ക്ലാസ്മുറിയിലേക്കല്ല കടന്നുചെല്ലുന്നത്. ആ മക്കൾ എഐ യുഗത്തിലേക്കെന്ന പോലെ, ഡിജിറ്റൽ ലോകത്തിന്റെ അതിർവരമ്പില്ലാത്ത ഒരു കാട്ടുവഴിയിലേക്കുകൂടിയാണ് ചുവടു വയ്ക്കുന്നത് എന്ന ബോധ്യത്തിലായിരിക്കണം ഇവരോട് നമ്മൾ ഇടപഴകാൻതന്നെ. ആ ലോകത്ത് അവർക്ക് ഏറ്റവും ആവശ്യമായത് രക്ഷിതാക്കളുടെ സൂക്ഷ്മമായ ഒരു ഉൾക്കണ്ണാണ്. അതായത്, മാതാപിതാക്കളുടെ സ്നേഹദൃഷ്ടി. അതൊരിക്കലും ഭയംകൊണ്ടുള്ള നിരീക്ഷണമാവരുത്. കുഞ്ഞുങ്ങളെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള ഒരു സംരക്ഷിത കരുതൽ. ആ കരുതൽ ഒരു സിസിടിവി പോലെ തങ്ങൾക്ക് ചുറ്റുമുണ്ട് എന്ന ബോധ്യം ഓരോ കുട്ടിക്കും അനുഭവവേദ്യമാവുകയുംകൂടി വേണം.
►► തോൽവിയും ഒരു പാഠമാണ്
ജീവിതത്തിന്റെ അനേകം കളിക്കളങ്ങളിൽ മത്സരിക്കേണ്ടവരാണ് നമ്മുടെ കുട്ടികൾ. എല്ലാവരും എല്ലായ്പോഴും ജയിക്കണമെന്നില്ല. ചെറിയ തോൽവികൾ ആ കൊച്ചുമനസിനെ തകർക്കരുത്. മറിച്ച്, തിരിച്ചുവരാനുള്ള ആഴം അളക്കുന്ന ഒരു അനുഭവംകൂടിയാകണമത്. തൊണ്ണൂറ് ശതമാനം ജയിക്കും എന്ന ആത്മവിശ്വാസം ഉള്ളിൽ സൂക്ഷിക്കുമ്പോഴും, പത്ത് ശതമാനം ചിലപ്പോൾ ഇല്ലാതെ പോകാം, അതെന്നെ തോൽപ്പിക്കില്ല എന്ന ഉറച്ച മനോഭാവംകൂടി ആ കുട്ടിക്ക് ഉണ്ടാകണം. പരാജയം ഒരു അവസാനമല്ല, ഒരു തിരിവ് മാത്രമാണ് എന്ന് ബോധ്യപ്പെടുത്തുകയാണ് പ്രധാനം.
ഒരു വഴി അടഞ്ഞാൽ മറ്റൊരു വഴിയുണ്ട് എന്നറിയുന്ന കുട്ടി ഒരിക്കലും തകർന്നുവീഴില്ല. ആ ബദൽവഴികൾ കാണിച്ചുകൊടുക്കാൻ, ആ സാധ്യതകളെക്കുറിച്ച് സംസാരിക്കാൻ നമ്മൾ തയാറാകണം. പരീക്ഷ തോറ്റാൽ ലോകം ഇടിഞ്ഞുവീഴും എന്ന ഭയം, അറിഞ്ഞോ അറിയാതെയോ ആ കുട്ടിയുടെ മനസിലേക്ക് പകർന്നുകൊടുക്കാതിരിക്കുക എന്നതാണ് ഒരു നല്ല രക്ഷിതാവ് പാലിക്കേണ്ട ഏറ്റവും ലളിതമായ ധർമം.
►► കുരുക്കിലാകുമ്പോൾ ചേർത്തുനിർത്തുക
അറിഞ്ഞോ അറിയാതെയോ കുട്ടികൾ ചിലപ്പോൾ തെറ്റുകൾ ചെയ്തേക്കും. അറിയാതെപോയി കുരുക്കുകളിൽ വീണേക്കാം. ആ നിമിഷം ഒരു പരീക്ഷണഘട്ടമാണ്; കുട്ടിക്ക് മാത്രമല്ല, രക്ഷിതാക്കൾക്കും. ആ നേരത്ത് കുട്ടിയെ കുറ്റക്കാരനും തെറ്റുകാരനും മാത്രമാക്കി മാറ്റിനിർത്തുന്നതിനു പകരം, ആ പ്രശ്നത്തെ ശാന്തമായി നോക്കിക്കാണാനും അവധാനതയോടെ സമീപിക്കാനും പരിശ്രമിക്കുക. പ്രശ്നത്തിന്റെ വേര് കണ്ടെത്തി പരിഹരിക്കാനുള്ള ശ്രമമാണ് ഈ സമയങ്ങളിൽ എടുക്കേണ്ടത്. നമുക്കൊരുമിച്ച് പരിഹരിക്കാം. “സത്യത്തോടും സമാധാനത്തോടും കൂടി ആണെങ്കിൽ എന്തു സംഭവിച്ചാലും അമ്മ ഉണ്ട്, അച്ഛൻ ഉണ്ട്, പറയാൻ ആളുണ്ട്, കേൾക്കാൻ ആളുണ്ട്” എന്നൊരു ഉറപ്പ് ഒരു കുട്ടിയുടെ ഉള്ളിൽ ഉണ്ടെങ്കിൽ ഏത് വലിയ കുരുക്കും അതിജീവിക്കാനുള്ള കരുത്ത് നമ്മുടെ കുഞ്ഞുങ്ങൾക്ക് ലഭിക്കും.
►► ആത്മവിശ്വാസത്തോടെ സംസാരിക്കാൻ പ്രേരിപ്പിക്കുക
നമ്മുടെ കുട്ടികളെല്ലാവരുംതന്നെ നല്ല മിടുക്കരാണ്. ആ മിടുക്ക് ലോകം കാണണമെങ്കിലും കേൾക്കണമെങ്കിലും അവർക്ക് അവരുടേതായ ഉറച്ച സ്വരം ആവശ്യമായിട്ടുണ്ട്. അത് ഭാഷ, സംസ്കാരം, ചരിത്രബോധം, ആശയവിനിമയം തുടങ്ങിയവയെല്ലാംകൂടി ചേർന്നതാണ്. സമൂഹത്തിനു മുൻപിൽ ചങ്കുറപ്പോടെ നിൽക്കാൻ, ആത്മവിശ്വാസത്തോടെ ഒരു ആശയം പറഞ്ഞ് ഫലിപ്പിക്കാൻ, ഭംഗിയായി എഴുതി ആശയം അവതരിപ്പിക്കാനുമൊക്കെയുള്ള ഉൾക്കരുത്ത് ഇനി വളർന്നു വരുന്ന തലമുറയിൽ നമ്മൾ മനഃപൂർവം സന്നിവേശിപ്പിക്കേണ്ടതുണ്ട്. കാരണം, മത്സരത്തിന്റെ, വേഗത്തിന്റെ കാലഘട്ടമാണ് വരാനിരിക്കുന്നത്.
ഓരോ ദിനവും ഒരു ചർച്ച, ഒരു ചോദ്യം, ഒരു കഥ, ഒരു അഭിപ്രായം ഇങ്ങനെയുള്ള എന്നാൽ, മനഃപൂർവമല്ലാത്ത ഇടപെടലുകൾ കുട്ടികളുടെ അഭിപ്രായ രൂപീകരണത്തിന് അടിസ്ഥാനശില ഇടുന്നതിന് ഉപകരിക്കും. കേരളമാണ് ഭാഷ വളരുന്ന, അല്ലെങ്കിൽ വളർന്നു കൊണ്ടിരിക്കുന്ന മണ്ണ്. ആ ഭാഷ ഉള്ളിലുണ്ടെങ്കിൽ ആ കുട്ടി ഏതു ലോകത്തും ഏത് എഐ കാലത്തും ജയിക്കും. പക്ഷേ ഒന്നോർക്കുക, മലയാളം പഠിക്കുന്നതോടൊപ്പം ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലുമൊക്കെ നന്നായി സംസാരിക്കാനും എഴുതാനും വായിക്കാനുമുള്ള കഴിവ് നമ്മുടെ കുഞ്ഞുങ്ങൾ വളർത്തിയെടുക്കണം. ആ ചുമതല നമ്മുടേതുതന്നെയാണ് എന്ന ബോധ്യത്തോടെ ഭാഷാപഠനത്തെ സമീപിക്കാനും ശ്രമിക്കേണ്ടതുണ്ട്.
(തിരുവനന്തപുരം നാബ്കോൺസിന്റെ കമ്യൂണിക്കേഷൻ ടീം ലീഡറാണ് ലേഖകൻ.)